ന്യൂഡല്‍ഹി : നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയാണ് നേരിട്ടതെന്നും കേസ് പിന്‍വലിക്കാനുള്ള സംസ്ഥന സര്‍ക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. സുപ്രീംകോടതി വിധി മാനിച്ചു വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമുതല്‍ നശിപ്പിച്ച കേസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം എടുത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടത്ത് മന്ത്രിയും മുന്‍മന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി.പി പോലെയുള്ള ജാമ്യം ലഭിക്കാത്ത ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നത് എന്ന വസ്തുത നിലനില്‍ക്കേ, അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായും നിയമപരമായും അവകാശമില്ല എന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
‘നേരത്തെ ഇ.പി ജയരാജന്‍ തന്റെ പേരിലുള്ള കേസ് കോടതിയില്‍ എത്തുന്നതിനുമുന്‍പ് രാജിവെച്ചിരുന്നു. ജയരാജന് ഒരു നിയമവും ശിവന്‍കുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രി രാജിവയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന തത്ത്വമാണ് ശിവന്‍കുട്ടി ലംഘിച്ചത്. അപക്വമായ നിലപാട് മാറ്റി അധികാരത്തില്‍ തുടരാതെ രാജിവയ്ക്കണം. തരംതാണ പ്രവൃത്തി കാണിച്ച ശിവന്‍കുട്ടി മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല’, സുരേന്ദ്രന്‍ വ്യക്തമാക്കി.