കോഴിക്കോട് : കോഴിക്കോട്ടെ ബി.ജെ.പി. പരിപാടികളില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വിലക്കെന്ന് പരാതി. സ്വന്തം ജില്ലയിലെ പരിപാടികളില്‍ സംസ്ഥാന പ്രസിഡന്റിനെ തഴഞ്ഞ് എം.ടി. രമേശിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സ്വന്തം ജില്ലയില്‍ ഇരുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് മുറുകുകയാണ്. ജില്ലയിലെ പരിപാടികളില്‍ സുരേന്ദ്രനെയും കൂടെ നില്‍ക്കുന്നവരെയും പൂര്‍ണ്ണമായും അവഗണിക്കുന്നുവെന്ന പരാതിയുമായി സുരേന്ദ്രന്‍ പക്ഷം രംഗത്തെത്തി.
സുരേന്ദ്രന് പകരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതാണ് സുരേന്ദ്രന്‍ പക്ഷത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ കുറേ നാളുകളായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടികളിലൊന്നും സുരേന്ദ്രനെ പങ്കെടുപ്പിച്ചിരുന്നില്ല. പി.ടി. ഉഷക്ക് നല്‍കിയ സ്വീകരണത്തില്‍ മാത്രമാണ് സുരേന്ദ്രന്‍ പങ്കെടുത്തത്. എന്നാല്‍ എം.ടി. രമേശ് നിരവധി പരിപാടികളില്‍ പങ്കെടുത്തു.
വീടുകളില്‍ ഉയര്‍ത്താന്‍ ദേശീയ പതാക കൈമാറുന്ന ചടങ്ങ്, ക്വിറ്റ് ഇന്ത്യാ ദിന പരിപാടി, മഹിളാമോര്‍ച്ചയുടെ ഓണാഘോഷം ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 10ലധികം പരിപാടികള്‍ ഉദ്ഘാടനം ചെയ്തത് എം ടി രമേശ് ആണ്. സുരേന്ദ്രന്‍ വിരുദ്ധ പക്ഷക്കാരായ പി.കെ. കൃഷ്ണദാസ്,കെ.പി.ശ്രീശന്‍ എന്നിവരും എ.പി. അബ്ദുളളക്കുട്ടിയും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
അതേ സമയം സുരേന്ദ്രന്‍ പക്ഷക്കാരായ പി രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷിണ തുടങ്ങിയ കോഴിക്കോട് ജില്ലക്കാരായ നേതാക്കളെയും തഴയുകയാണ്. എം.ടി രമേശ് പക്ഷക്കാരനായ വി.കെ. സജീവനാണ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്. എന്നാല്‍ സുരേന്ദ്രനെ അവഗണിക്കുന്നതല്ലെന്നും ജില്ലയുടെ ചുമതലക്കാരനായത് കൊണ്ടാണ് എം ടി. രമേശിനെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് എന്നാണ് മറുവിഭാഗത്തിന്‍റെ വിശദീകരണം.