കൊച്ചി : സംസ്ഥാന സർക്കാർ ആയാസരഹിത ബിസിനസ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ്, നിർമാണ മേഖലയ്ക്കും ബാധകമാക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിലെ ആയാസരഹിത ബിസിനസ് എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ഓൺലൈനിൽ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭവശേഷിയിൽ കേരളം മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണെന്നും സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിലെ പ്രശ്നങ്ങൾക്കും പരാതികൾക്കും അടുത്ത മാസത്തോടെ പരിഹാരമാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേരള റെറയുടെ വെബ് പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും റെറ ചെയർമാൻ പി എച്ച് കുര്യൻ പറഞ്ഞു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്യം, കേരള തീരദേശ പരിപാലന അതോറിറ്റി ഡയറക്ടർ മിർ മുഹമ്മദലി, ക്രെഡായ് കേരള ചെയർമാൻ എസ് കൃഷ്ണകുമാർ തുടങ്ങിയവരും സംസാരിച്ചു.