കാസര്‍കോട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സര്‍ക്കാര്‍ കോളേജില്‍ ജോലി നേടിയെന്ന കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പോലീസ്. അഗളി പോലീസിന് നല്‍കിയ മൊഴി ചോദ്യം ചെയ്യലില്‍ വിദ്യ ആവര്‍ത്തിച്ചു. രാവിലെ 11.45 ഓടെയാണ് അഭിഭാഷകന്‍ സെബിന്‍ സെബാസ്റ്റ്യന് ഒപ്പം വിദ്യ പോലീസ് സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞദിവസം ചോദ്യംചെയ്യലിനായി സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് വിദ്യ ഇ-മെയില്‍ വഴി പോലീസിനെ അറിയിച്ചിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അഗളി പോലീസിന് മുന്‍പില്‍ വിദ്യ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കരിന്തളം കോളേജില്‍ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഒരു വര്‍ഷം ജോലി ചെയ്തിരുന്നു. പാലക്കാട് അട്ടപ്പാടി കോളേജില്‍ നടന്ന പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെ കരിന്തളം ഗവ. കോളേജും നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.





























