തിരുവനന്തപുരം : നെയ്യാറ്റിൻകര നരുവാമൂട്ടിൽ അനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് ശല്യം സഹിക്കാതെ വന്നതിനെ തുടർന്നെന്ന് പ്രതികൾ. കാക്ക അനീഷ് എന്നറിയെപ്പെട്ടിരുന്ന കൊല്ലപ്പെട്ട അനീഷ് കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിയിരുന്നു. മാരായമുട്ടം ജോസ് വധക്കേസ് ഉൾപ്പടെ 27 ഓളം ക്രിമിനൽകേസുകളിലെ പ്രതിയാണ് അനീഷ്.
പള്ളിച്ചൽ സ്വദേശി കുളങ്ങരക്കോണം ലീലാ ഭവനിൽ അനൂപ്, സന്ദീപ് ഭവനിൽ സന്ദീപ്, പള്ളിച്ചൽ പൂവണംകുഴി സ്വദേശി അരുൺ, പള്ളിച്ചൽ വട്ടവിള മേലേ പുരയിടത്ത് വിഷ്ണു എന്നു വിളിക്കുന്ന രഞ്ജിത്ത്, പള്ളിച്ചൽ വരിക്കപ്ലാവിള വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അനൂപ് എന്നിവരാണ് അനീഷിനെ കൊലപ്പെടുത്തിയത്. ഇവരെല്ലാം അനീഷിന്റെ അയൽവാസികളാണ്. ഇതിനുമുമ്പ് ഒരു ക്രിമിനൽ കേസിലും ഇവർ ഉൾപ്പെട്ടിട്ടില്ല.
ഗുണ്ടാപ്പിരിവ് നടത്തുന്നത് അനീഷിന്റെ സ്ഥിരം പതിവായിരുന്നു. നൽകിയില്ലെങ്കിൽ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും പതിവാണെന്നും പ്രതികൾ പറയുന്നു. അനീഷ് ഇവരെ കാണുമ്പോഴൊക്കെ അസഭ്യം പറയുകയും കൊലവിളി നടത്തുന്നതും പതിവായിരുന്നു. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. ഇങ്ങനെ അനീഷിന്റെ നിരന്തരമായ ശല്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പിടിയിലായ പ്രതികൾ പോലീസിനു മൊഴി നൽകി.
കാപ്പാ കാസിൽ ജയിലിലായിരുന്ന അനീഷ് രണ്ടാഴ്ച മുമ്പാണ് ജയിൽ മോചിതനായത്. രണ്ടുദിവസം മുമ്പ് നരുവാമൂട്ടിലെ ഒരു മരണ വീട്ടിൽ വെച്ചും പ്രതികളെ അനീഷ് അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതിലെ പ്രകോപനമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്.
ജയിൽമോചിതനായി നാട്ടിലെത്തിയതിന് പിന്നാലെ ബൈക്ക് മോഷണമുൾപ്പടെയുള്ള കുറ്റകൃത്യങ്ങളിലും ഇയാൾ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുളങ്ങരക്കോണം സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാല പൊട്ടിച്ച കേസിൽ ഇയാൾ ഒളിവിലായിരുന്നു.
കുളങ്ങരക്കോണത്തെ അടച്ചിട്ടിരുന്ന ഹോളോബ്രിക്സ് നിർമാണ ശാലയിലാണ് കഴിഞ്ഞദിവസം അനീഷിന്റെ മൃതദേഹംകണ്ടെത്തിയത്. കാക്ക അനീഷിന്റെ സ്ഥിരം താവളങ്ങളിലൊന്നാണ് ഇത്. അയാൾ കിടന്നുറങ്ങുന്നതും ഇവിടെയാണ്. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിനടുത്ത് മദ്യലഹരിയിലെത്തിയ അനീഷ് ഇവിടെവെച്ച് യുവാക്കളെ കണ്ടതോടെ ആക്രമിക്കാൻ ശ്രമിക്കുകയും കയ്യാങ്കളിക്കിടെ അഞ്ച് പേരും ചേർന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയുമായിരുന്നു. അനീഷിന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് തന്നെയാണ് പ്രതികൾ കൊലപാതകം നടത്തിയത്.
സംഭവത്തിൽ സമീപത്തെ സിസി ടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. സംഭവത്തിന് പിന്നാലെ സമീപത്തെ കാട്ടിൽ ഒളിവിൽ കഴിഞ്ഞ ഇവരെ റൂറൽ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ് പ്രശാന്ത്, നെടുമങ്ങാട് ഡി.വൈ.എസ്.പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.