കാബൂള്‍: താലിബാന്‍ ഭരണത്തിന് കീഴില്‍ ജീവിക്കാനുള്ള ബുദ്ധിമുട്ടേറിവരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം തുടരുന്നു.ജനങ്ങളുടെ ഈ ദുരവസ്ഥ മുതലെടുത്ത് മനുഷ്യക്കടത്തുകാരും ഇവിടെ ഇപ്പോള്‍ സജീവമാണ്. പാകിസ്താന്റേയും ഇറാന്റേയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അഫ്ഗാന്‍ ഗ്രാമമായ സരഞ്ജ് ഇപ്പോള്‍ മനുഷ്യക്കടത്തിന്റെ വലിയ കേന്ദ്രമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലരും കുടുംബമായാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
സരഞ്ജില്‍ നിന്ന് ഏഴു മണിക്കൂറോളം യാത്രയുണ്ട് പാകിസ്താനിലേക്ക്. ഇവിടെ നിന്നും കാറിലും മറ്റുമായാണ് പലായനം നടക്കുന്നത്. ഒരു കാറില്‍ 18 മുതല്‍ 20 വരെ ആളുകളെ കുത്തിനിറച്ചിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാനിലേക്കും ഇത്തരത്തില്‍ ആളുകളെ കടത്തുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ രാജ്യം വിടുന്ന അഫ്ഗാനികളുടെ എണ്ണം ഇരട്ടിയായതായാണ് മനുഷ്യക്കടത്തുകാര്‍ പറയുന്നത്.
വിസയോ ഇമിഗ്രേഷനോ ആവശ്യമില്ലാത്തതിനാല്‍ രാജ്യത്ത് നിന്നും പുറത്ത് കടക്കാനുള്ള എളുപ്പമാര്‍ഗ്ഗമായാണ് പലരും ഇതിനെ കാണുന്നത്. മനുഷ്യക്കടത്തുകാര്‍ക്ക് ഒരു നിശ്ചിത തുക നല്‍കിയാല്‍ മതി. രാജ്യം വിടുന്നതില്‍ കൂടുതല്‍ പുരുഷന്മാരാണ്. തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് പലരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. ട്രക്കുകളില്‍ കുത്തിനിറച്ചും ആളുകളെ പുറത്തെത്തിക്കുന്നുണ്ട്. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ കാബൂള്‍ വിമാനത്താവളത്തില്‍ കണ്ട അതേ സാഹചര്യമാണ് സരഞ്ജില്‍ ഇപ്പോള്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.