പത്തനാപുരം : പിറവന്തൂര്‍ കടയ്ക്കാമണ്‍ കോളനിയിലെ അംബേദ്കര്‍ പ്രതിമ തകര്‍ത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വന്ന ലോറിയുടെ പിന്‍ഭാഗം തട്ടിയാണ് പ്രതിമ തകര്‍ന്നതെന്ന കള്ളപ്രചരണമാണ് അവര്‍ നടത്തുന്നത്. അറിയാതെ തട്ടിയാല്‍ പ്രതിമ പൂര്‍ണമായും തകര്‍ന്നു പോകില്ലെന്നും ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്.
പ്രതിമ പൂര്‍ണമായും തകര്‍ത്ത് നിലംപരിശാക്കിയതിലൂടെ ഇതിന്റെ പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. ഉയര്‍ന്നു വരുന്ന അംബേദ്കര്‍ ചിന്താധാരയുടെ പ്രചാരണം തടയുകയും ദലിത് യുവാക്കളെ അപരവത്കരിക്കുകയും ചെയ്യുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും നയമാണ്. ഇതിന്റെ ഭാഗമായി കാലങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലാണ് പ്രതിമ തകര്‍ത്തത്. പ്രതിമ പുനര്‍നിര്‍മിച്ച് തരുംവരെ ശക്തമായ സമരപരിപാടികളുമായി അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് ഉഷ കൊട്ടാരക്കര അറിയിച്ചു.