തിരുവനന്തപുരം : ജനം ടി.വിയെ കേന്ദ്ര സഹമന്ത്രിയും സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞതോടെ ബി.ജെ.പി എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പെറ്റമ്മയെ ഇനി എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടി.വിയില്‍ ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ചാനലിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നാണംകെട്ട ഒളിച്ചോട്ടമാണ് ബി.ജെ.പി നടത്തുന്നത്. ഇതെല്ലാം സമൂഹം കാണുന്നുണ്ട്. ചാനല്‍ തങ്ങളുടേതല്ലെന്ന് പറയുന്നത് ആരും വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ ഇവര്‍ പറയുന്ന മറ്റു കാര്യവും ജനങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല.
എന്ത് നെറികെട്ട നിലപാട് സ്വീകരിക്കാനും നെറികേടുകള്‍ പ്രവര്‍ത്തിക്കാനും ദുഷ്പ്രചാരണങ്ങള്‍ നടത്താനും മടിയില്ലാത്ത പ്രസ്ഥാനമാണ് ബി.ജെ.പിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ചാനലാണ് ജനം ടി.വിയെന്നത് ഈ രാജ്യത്ത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണ് അറിയാത്തത്. ഒരു അന്തസും ഇക്കാര്യത്തില്‍ പാലിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ്. അതിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യുകയും പ്രതി ചേര്‍ക്കുകയും ചെയ്തു. മറ്റു നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സ്വര്‍ണക്കടത്തിന് പിന്നാലെ കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്.
വലിയതോതിലുള്ള പ്രചാരണം ഇതിന്റെ ഭാഗമായി നടന്നു. ഒരു ചെറിയ ന്യൂനപക്ഷത്തെയെങ്കിലും ഇതിന്റെപേരില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധരിപ്പിക്കാമെന്ന് അവര്‍ കരുതി. തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ കുറ്റമറ്റ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടു. ആ അന്വേഷണം ഫലപ്രദമായി നടക്കുകയാണ്.
പിടികൂടപ്പെട്ട ആളുകളെ സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ അവരില്‍ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കന്‍മാരില്‍പ്പെട്ടവരാണ്. മറ്റൊരു വിഭാഗം യു.ഡി.എഫുമായി ബന്ധമുള്ളവരാണ്. സ്വര്‍ണക്കടത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്. വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ അന്വേഷണം എങ്ങോട്ടെല്ലാം എത്തിച്ചേരുമെന്നത് കാത്തിരുന്ന് കാണാം.
കോണ്‍ഗ്രസും ബി.ജെ.പിയും സയാമീസ് ഇരട്ടകളായി സര്‍ക്കാറിനെ ആക്രമിക്കുകയാണ്. അവര്‍ പരസ്പരം സഹായിച്ചും സ്നേഹിച്ചും കൊടുത്തും വാങ്ങിയും സര്‍ക്കാറിനെതിരെ നില്‍ക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നതില്‍ അവര്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ല. അവര്‍ക്ക് സ്വര്‍ണക്കടത്തിന്റെ സാമൂഹ്യവും സാമ്പത്തികവും തീവ്രവാദ പരവുമായ കാര്യങ്ങള്‍ അന്വേഷിക്കുയേ വേണ്ട. സര്‍ക്കറിനെതിരെ ചെളി വാരിയെറിയാനാണ് അവരുടെ ശ്രമം. എന്നാല്‍ അതെല്ലാം വിഫലമാകുന്ന കാഴ്ചയാണ് ദിവസവും കാണുന്നതെന്നും മന്ത്രി പറഞ്ഞു.