തിരുവനന്തപുരം : കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിലെ മൊഴി കെട്ടിച്ചമച്ചതെന്ന സംശയം ബലപ്പെടുന്നു. അമ്മയെ അറസ്റ്റ് ചെയ്തത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന പോലീസ് വാദം തള്ളി സിഡബ്ലുസി രംഗത്ത്. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത് പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ലന്ന് ചെയര്‍പേഴ്സണ്‍.
ഇതോടെ അറസ്റ്റിന് കളമൊരുങ്ങിയത് എങ്ങിനെയെന്ന് വ്യക്തമാവുകയാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.
പോലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗണ്‍സിലിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ശുപാര്‍ശകളോ നിഗമനങ്ങളോ ഇല്ലാതെ റിപ്പോര്‍ട്ട് നല്‍കി. അത് കുട്ടിയുടെ മൊഴിയാക്കി ചിത്രീകരിച്ച പോലീസ് പോക്സോ കുറ്റം ചുമത്തി അമ്മയെ ജയിലിലടച്ചു. കുട്ടിയെ ദിവസങ്ങളോളം ഒറ്റക്ക് മാറ്റിനിര്‍ത്തിവേണം കൗണ്‍സിലിംഗ് എന്ന നിയമം പോലും പാലിക്കാനാവാത്തതിനാല്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ടിനും നിയമസാധുതയില്ല.
മൊഴിയുടെ ആധികാരികത തന്നെ സംശയനിഴലിലായതോടെ ഭര്‍ത്താവ് കെട്ടിച്ചമച്ച പരാതിയെന്ന ആക്ഷേപം ബലപ്പെടുകയാണ്. പരാതി സത്യമോയെന്ന് ഉറപ്പിക്കാന്‍ പോലീസിന് ആവശ്യമെങ്കില്‍ വിശദമായ രണ്ടാം കൗണ്‍സിലിങ്ങാവാമെന്നും സി.ഡബ്ളിയു.സി പറയുന്നു.