ആറ്റിങ്ങല്‍ : കടയ്ക്കാവൂര്‍ പോക്സോ കേസ് ഇരയെ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയില്ല. മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി പോലീസ്.
കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പോക്സോ കേസില്‍ മാതാവ് പിടിയിലായ സംഭവം വിവാദമായതോടെ കൂടുതല്‍ അന്വേഷണത്തിനും വ്യക്തതക്കും വേണ്ടി പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ കുട്ടി നല്കിയ മൊഴി മാതാവുമയി പിണങ്ങിക്കഴിയുന്ന പിതാവ് പറയിച്ചതാണെന്ന ആരോപണം ശക്തമായതോടെയാണ് മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നത്.
ചൊവ്വാഴ്ച പൊലീസ് ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍, നിലവില്‍ അന്വേഷണച്ചുമതല വഹിക്കുന്ന ഐ.ജി അത് വിലക്കി. അനുമതി തന്നിട്ട് ഇതിന്മേല് മറ്റു നടപടികള്‍ സീകരിച്ചാല്‍ മതി എന്ന നിര്‍ദേശം നല്കി. ഇതേ സമയം പ്രതിയുടെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ ചൊല്ലിയും പരാതി ഉയര്‍ന്നിട്ടുണ്ട്. ആദ്യ വിവാഹം മൊഴി ചൊല്ലി വേര്‍പെടുത്തി എന്നാണ് ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നത്.
മതപരമായി വിവാഹബന്ധം വേര്‍പെടുത്തിയതിനാല്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, ജമാഅത്ത് കമ്മിറ്റി ഇത് നിഷേധിച്ചു. ആദ്യ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെ വേര്പെടുത്തിയിട്ടിെല്ലന്നും അതിനാല്‍ രണ്ടാം വിവാഹവും രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.യുവതിയുടെ ഭര്‍ത്താവും രണ്ടാം ഭാര്യയും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കും.