കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് പച്ചക്കൊടി. മദ്രാസ് ഐ.ഐ.ടി.യുടെ രൂപരേഖ കഴിഞ്ഞദിവസം ലഭിച്ചതോടെയാണ് പുനരുദ്ധാരണത്തിന് വഴിയൊരുങ്ങിയത്. സ്പാനുകളിലെ തേപ്പും കൈവരികളും അടർന്നും തൂണിൽ വിള്ളൽവീണ് കമ്പികൾ പുറത്തുചാടിയനിലയിലും അപകടഭീഷണി ഉയർത്തുന്ന പാലമാണിത്. അഞ്ചുമാസം മുൻപാണ് പ്രദേശത്ത് തങ്ങി മദ്രാസ് ഐ.ഐ.ടി. സംഘത്തിന്റെ പരിശോധന നടന്നത്. തുടർന്ന് അതിന്റെ റിപ്പോർട്ടും അവർ പ്രത്യേകംതയ്യാറാക്കിയ രൂപരേഖയും കൈമാറുകയായിരുന്നെന്ന് മലപ്പുറം പൊതുമരാമത്ത് (പാലങ്ങൾ) വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയർ വിനോദ് ചാലിൽ അറിയിച്ചു.
ഐ.ഐ.ടി. സംഘത്തിന്റെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പരിശോധനയ്ക്കുശേഷം നാലുമാസമായി തുടർനടപടികളില്ലാത്തതുമൂലം നടപടികൾ അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്കയ്ക്കിടെയാണ് അധികൃതരുടെ അറിയിപ്പുവന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥരുടെ സംയുക്തയോഗം ചേർന്ന് രൂപരേഖ സംബന്ധിച്ചചർച്ചയ്ക്കൊപ്പം പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ഏതുരീതിയിലാണെന്ന കാര്യങ്ങളും ചർച്ചചെയ്യും. അതിനു ശേഷമേ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങുന്ന തീയതി പറയാനാവൂയെന്നും അധികൃതർ പറഞ്ഞു. പാലത്തിന്റെ 13 സ്പാനുകളും ഗർഡറുകളും പൈലിങ്ങും ബലംകൂട്ടി പുനർനിർമിക്കാനും പാലത്തിന്റെ നാശംതടയുന്നതിനുള്ള കാതോഡിക്ക് പ്രൊട്ടക്‌ഷൻ സാങ്കേതികവിദ്യയുപയോഗിച്ച് പുനരുദ്ധാരണം നടത്താനുമാണ് ലക്ഷ്യമിടുന്നത്.
പാലത്തിന്റെ കോൺക്രീറ്റിനുള്ളിലെ സ്റ്റീൽബാറുകൾ തുരുമ്പെടുക്കാതെ ദീർഘകാലം സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാൻ ഇലക്ട്രിക്കൽ സംരക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുക, കോൺക്രീറ്റ് പ്രതലത്തിന്റെ അപാകം പരിഹരിക്കുക എന്നീ ജോലികളും പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കും. 25 വർഷത്തേക്കെങ്കിലും കേടുകൂടാതെ പാലം നിലനിൽക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അപകടാവസ്ഥയിലായതിനെത്തുടർന്ന് പാലത്തിലൂടെയുള്ള ഭാരവാഹന ഗതാഗതം നേരേത്ത നിരോധിച്ചിരുന്നു. തകർന്ന നടപ്പാതയിലും പ്രതലത്തിലും ചെറുകിട അറ്റകുറ്റപ്പണിയും തുടർപരിശോധനയും നടത്തിയിരുന്നു. 13.15 കോടിയുടെ ഫണ്ടിനുള്ള ഭരണാനുമതിയും മുൻസർക്കാരിന്റെ കാലത്ത് ലഭിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രെയിസ്‌നെറ്റ് കമ്പനിക്കാണ് പ്രവൃത്തികൾക്കുള്ള കരാർ നൽകിയിരിക്കുന്നത്.































