അടൂര്‍ : മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സിന്‍ സ്വീകരിച്ച യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിനെതിരേ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെ ഒരു മുന്‍ഗാമിയുടെ കഥ പത്തനംതിട്ടയില്‍ നിന്ന് പുറത്തു വരുന്നു. 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയി വാക്സിനെടുത്തത്. എതിര്‍ക്കാന്‍ ശ്രമിച്ച മെഡിക്കല്‍ ഓഫീസറെ പാര്‍ട്ടിയുടെ പേര് പറഞ്ഞ് വിരട്ടിയെന്നും ആരോപണമുണ്ട്.
മാര്‍ച്ച് 21 നാണ് പ്രിയങ്ക കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്തത്. കഴിഞ്ഞ മാസം രണ്ടാം ഡോസും സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ പോയപ്പോള്‍ അവര്‍ക്കൊപ്പമാണ് പ്രസിഡന്റും വാക്സിന്‍ എടുത്തത്. ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ല. 18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്ക് വാക്സിനേഷനായി രജിസ്ട്രേഷന്‍ കഴിഞ്ഞയാഴ്ച തുടങ്ങിയെങ്കിലും വിതരണം മാറ്റി വെച്ചിരിക്കുകയാണ്.
സിപിഎമ്മുകാരിയാണ് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക. പ്രസിഡന്റ് വാക്സിന്‍ എടുത്ത വിവരം അറിഞ്ഞ് പഞ്ചായത്തംഗങ്ങള്‍ തങ്ങള്‍ക്കും വാക്സിന്‍ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ഇവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ മാനദണ്ഡമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചതോടെയാണ് പ്രസിഡന്റിന്റെ വാക്സിനേഷന്‍ വിവാദമായത്.
സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇടയില്‍ നിന്നു പോലും പ്രസിഡന്റിനെതിരേ വിമര്‍ശനമുയര്‍ന്നു. വിവാദം കൊടുമ്പിരി കൊണ്ടതോടെ ഓഫീസറും ആരോഗ്യ പ്രവര്‍ത്തകരും പ്രതിരോധ നിലപാട് സ്വീകരിച്ചു. ഏതു മാനദണ്ഡ പ്രകാരമാണ് പ്രസിഡന്റിന് വാക്സിന്‍ നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു. ചിന്താ ജെറോം സ്വയം കുഴിച്ച കുഴിയില്‍ വീഴുന്നതു വരെ കടമ്പനാട്ടെ പ്രസിഡന്റിന്റെ വാക്സിനേഷന്‍ വിവാദം ആയിരുന്നില്ല.
ഇങ്ങനെ പിന്‍വാതില്‍ വാക്സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് കടമ്പനാട്ടെ മറ്റു പഞ്ചായത്തംഗങ്ങള്‍ക്ക് ബോധ്യമായത് ചിന്താ ജെറോം വാക്സിനേഷന്‍ വിവാദമായതോടെയാണ്. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കടമ്പനാട്ടെ മെഡിക്കല്‍ ഓഫീസറോട് വിശദാംശങ്ങള്‍ തേടിയെങ്കിലും തനിക്ക് അതേപ്പറ്റി പറയാന്‍ കഴിയില്ലെന്നും ഡിഎംഓയോട് ചോദിക്കാനുമായിരുന്നു മറുപടി. കോവിഡ് മാനദണ്ഡവും പ്രോട്ടോക്കോളും ലംഘിച്ച പ്രസിഡന്റിന് എതിരേ നടപടി വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.