കൊച്ചി : കടവന്ത്രയിലെ സ്വകാര്യ സ്പായിലെ ജീവനക്കാരിയെ സ്ഥാപനത്തിന്റെ ഉടമയും കസ്റ്റമറും പീഡിപ്പിച്ചെന്ന പരാതില്‍ അന്വേഷണച്ചുമതല എറണാകുളം സെന്‍ട്രല്‍ അസി.കമീഷണര്‍ക്ക്. എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമം പ്രകാരമുള്ള വകുപ്പുകൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ് അന്വേഷണച്ചുമതല എ.സിക്ക് നല്‍കിയത്. മേയ് 10നാണ് യുവതി പൊന്നുരുന്നിയിലെ സ്ഥാപനത്തില്‍ നടന്ന അതിക്രമത്തിനെതിരെ വൈക്കം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വൈക്കം പോലീസ് പരാതി കടവന്ത്ര പോലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ ഉടമ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയെങ്കിലും കോടതി തള്ളി. ഉടമകളില്‍ ഒരാളായ സ്ത്രീയോട് പരാതിപ്പെട്ടെങ്കിലും ഇതൊക്കെ സ്ഥാപനങ്ങളില്‍ സാധാരണമല്ലേ എന്ന മറുപടിയാണ് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗം, സ്ത്രീയുടെ അന്തസ്സിനെ ഹനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.