തിരുവനന്തപുരം : കഠിനംകുളം പീഡനവുമായി ബന്ധപ്പെട്ട് ഇരയായ യുവതിയുടെ വസ്ത്രങ്ങൾ വിശദ പരിശോധനക്ക് അയച്ചു. യുവതിയുടെ മുഖത്തും ശരീരത്തിലും നഖത്തിന്റെയും പല്ലിന്റെയും പാടുകൾ ഉണ്ട്. അതേസമയം കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മനോജ് എന്നയാളാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന സ്ത്രീയെ വീട്ടിൽ നിന്നും വിളിച്ചിറക്കി അക്രമി സംഘത്തിന്റെ അടുത്തെത്തിച്ചത് മനോജാണെന്ന് പോലീസ് പറയുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിൽ യുവതിയുടെ അഞ്ച് വയസുകാരനായ മകനെ മുഖ്യസാക്ഷിയാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇരുവരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ട്. പ്രതികൾ തന്നെയും അമ്മയെയും മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. കേസിൽ നേരത്തെ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ നാല് സുഹൃത്തുക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. യുവതിയെ കൊണ്ടു പോയ ഓട്ടോറിക്ഷയുടെ ഉടമ നൗഫലാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോൾ ഈ വീട്ടുടമയിൽ നിന്നും ഭർത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി.
ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭർത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭർത്താവിന്‍റെ സുഹൃത്തുക്കളിലൊരാൾ എത്തി തന്നെ വിളിച്ച് ഭർത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭർത്താവിന്‍റെ സുഹൃത്തുക്കളായ മറ്റ് നാലുപേർ എത്തി തന്നെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി. സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.