കോട്ടയം : വീട്ടില്‍ ചാരായം കൊണ്ടുവന്നു വെച്ച് മനപൂര്‍വം കേസില്‍ കുടുക്കിയെന്ന വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടറെയും കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറെയുമാണ് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണത്തിനായി കേസ് എക്സൈസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കോതനല്ലൂരിലെ വ്യാപാരി നെല്ലിത്താനത്ത് കാലായില്‍ ജോര്‍ജ്ജ് കുട്ടി സേവ്യറിന്റെ പരാതിയിലാണ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയത്. ഒരാളെ കാലടി റേഞ്ചിലേക്കും മറ്റൊരു ഉദ്യോഗസ്ഥനെ ആലപ്പുഴയിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടിലെത്തിയത്. ഈ പ്രദേശം കടുത്തുരുത്തി റേഞ്ചിന്റെ പരിധിയിലായതിനാല്‍ അവരെ വിവരം അറിയിച്ചിരുന്നു. പരിശോധനയില്‍ വീടിനുള്ളില്‍നിന്ന് 2.4 ലിറ്റര്‍ ചാരായം കണ്ടെടുത്തു. തുടര്‍ന്ന് ജോര്‍ജ്ജ് കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തന്നെ കുടുക്കാന്‍ ആരോ മന:പൂര്‍വം ചാരായം വീടിനുള്ളില്‍ വെച്ചുവെന്നാണ് ജോര്‍ജുകുട്ടി പറയുന്നത്.
കേസില്‍ ജാമ്യത്തിലിറങ്ങിയ ജോര്‍ജുകുട്ടി കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും തന്നോട് വിരോധമുള്ളവര്‍ ആരോ ചതിച്ചതാണെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്. ഇതിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എക്സൈസ് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടി. ഈ സംഭവത്തില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. ചാരായം പിടികൂടിയ കേസില്‍ നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നും സേനയുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന നടപടിയാണ് എക്സൈസ് ഉന്നതരില്‍ നിന്നും ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുസംബന്ധിച്ച് സംഘടനാ നേതാക്കള്‍ കോട്ടയം എക്സൈസ് സ്റ്റാഫ് അസോസിയേഷന് പരാതി നല്കിയിട്ടുണ്ട്.