പത്തനംതിട്ട : കൈപ്പട്ടൂര്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ഇനി പറയുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി.
ഏറ്റവും പ്രതികൂല കാലാവസ്ഥയില്‍ പാലത്തിലൂടെ ഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഏറ്റവും പ്രതികൂല കാലാവസ്ഥയിലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ 25 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുത്തണം.
വാഹനങ്ങള്‍ വേഗത കുറച്ചു പോകുന്നതിനും ഭാരവാഹനങ്ങള്‍ ടാര്‍ എഡ്ജ് ലൈന്‍ കടക്കില്ല എന്നതും ഉള്‍പ്പെടെ എല്ലാ നിബന്ധനകളും ഉറപ്പുവരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. പാലത്തിന്റെ അവസ്ഥ 10 ദിവസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.