കൊച്ചി : കാക്കനാട് ലഹരി മരുന്നു കേസില്‍ മെറ്റാഫിറ്റമിന്‍ പ്രതികള്‍ക്കു കൈമാറിയ ചെന്നൈ സ്വദേശിക്കായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും ഇയാള്‍ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായവരുടെ ഫോണിലേക്ക് ഇയാളുടെ കോളുകള്‍ വന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഫവാസിനെ കഴിഞ്ഞാഴ്ച ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിലാണ് ചെന്നൈ സ്വദേശിയാണ് ലഹരിമരുന്ന് കൈമാറിയതെന്ന് ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. 1.085 കിലോ മെറ്റാഫിറ്റമിന്‍ പിടികൂടിയതാണ് ഈ കേസ്.
മുഹമ്മദ് ഫവാസ്, ത്വയ്ബ ഒലാദ്, ശ്രീമോന്‍, ഷബ്ന മനോജ്, ദീപേഷ്, അജ്മല്‍ റസാഖ് എന്നിവരാണ് പ്രതികള്‍. സംഘത്തിനു സാമ്പത്തിക സഹായമൊരുക്കിയ ആളാണ് ദീപേഷ്. മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ത്വയ്ബ, ഷബ്ന എന്നിവരാണ് വിവിധയിടങ്ങളിലായി ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയത്.