കാലടി : കാലടിയിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടര്‍ന്നിട്ടും അധികാരികളുടെ അവഗണന തുടരുന്നതിനാല്‍ തിങ്കളാഴ്ച ശ്രീശങ്കര പാലം ബഹിഷ്കരിച്ച് ഇതുവഴിയുള്ള സര്‍വിസ് നിര്‍ത്തിവെച്ച് സ്വകാര്യ ബസുകള്‍. ട്രിപ്പുകള്‍ പാലത്തിന് ഇരുഭാഗത്തുമായി അവസാനിപ്പിച്ചായിരുന്നു പ്രതിഷേധം. അധികാരികളുടെ ഭാഗത്തുനിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍നിന്ന് കാലടി പാലത്തിലേക്ക് ബസ് ഉടമകള്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
പാലം വഴിയുള്ള ചരക്കുവാഹനങ്ങള്‍ നിരോധിച്ച് ആലുവയിലൂടെ വഴി തിരിച്ചുവിടുക, അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗതയോഗ്യമാക്കുക, പുതിയ പാലം നിര്‍മാണ നടപടികള്‍ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ടൗണ്‍ വാര്‍ഡ് അംഗം പി.ബി സജീവ്, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ അങ്കമാലി-കാലടി മേഖല പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ ഡേവിസ്, ജോളി തോമസ്, നവീന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.