കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോര്‍ട്ടും മൂന്നാഴ്ചക്കുള്ളില്‍ ലഭിക്കണം.
സംഭവം സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കേസ് നവംബര്‍ 21 ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കേയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
അതേസമയം, കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിലുണ്ടായ അനാസ്ഥ പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് ഡിഎംഇ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ആശുപത്രിക്കെതിരെ നിരവധിപ്പേര്‍ പരാതിയുമായെത്തിയതിന്റെയും പ്രതിഷേധം ശക്തമാകുന്നതിന്റെയും സാഹചര്യത്തിലാണ് പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. മെഡിക്കല്‍ കേളേജിന് പുറത്ത് നിന്നുള്ള വിദഗ്ദ്ധരടങ്ങിയ സംഘം അന്വേഷിച്ചാല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂ എന്നാണ് ഡിഎംഇ നിലപാട്.