തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്‍ച രാവിലെ തന്നെ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആകെ മഴയുടെ 75 ശതമാനവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്.
കേരളത്തിനും ലക്ഷദ്വീപിനുമിടയില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രമാകുകയാണ്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം മറ്റന്നാള്‍ വൈകിട്ടോടെ വടക്കന്‍ മഹാരാഷ്ട്രക്കും തെക്കന്‍ ഗുജറാത്തിനും ഇടയ്ക്ക് കരയിലെത്തുമെന്നാണ് സൂചന. നെയ്യാര്‍, അരുവിക്കര സംഭരണികളുടെ ഷട്ടറുകള്‍ നിയന്ത്രിതമായി ഉയര്‍ത്തിയേക്കും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങള്‍ക്കെല്ലാം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.