തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൾ ഷെമീം, തൗഫീക്ക് എന്നിവർക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. പ്രതികാരത്തിനായി കളിയക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതുകൊണ്ടാണെന്നും പ്രതികൾ മൊഴി നല്‍കി. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഐഎസ് ബന്ധമുണ്ടെന്ന് കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിന് അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. ഐഎസിൽ ചേർന്ന മെഹബൂബ് പാഷയാണ് ഇവർ ഉൾപ്പെട്ട 17 അംഗ സംഘത്തിന്‍റെ തലവൻ എന്ന് കർണാടക പോലീസ് പറയുന്നു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുഴിതുറ ജുഡീഷ്യൽ മജിസ്‌ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.