തൃശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലിന്റെ ബിരുദം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാലക്ക് മറ്റൊരു ഡോക്ടറുടെ പരാതി. ഡോ. മോഹനന് ബിരുദം നേടിയത് നിയമവിരുദ്ധ രീതിയിലാണെന്ന് കാണിച്ച് കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റും തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. പ്രവീണ്‍ ലാല്‍ കുറ്റിച്ചിറയാണ് പരാതി അയച്ചത്.
ഇതോടെ ആരോഗ്യ സര്‍വകലാശാല വി.സി നിയമനതര്ക്കം അത്യപൂര്‍വ തലത്തിലേക്ക് നീങ്ങുകയാണ്. നിയമനത്തി ക്രമക്കേടുകള്‍ വിശദമാക്കി നേരേത്ത ദേശീയ പട്ടികജാതി കമ്മീഷനും ചാന്‍സലര്‍കൂടിയായ സംസ്ഥാന ഗവര്‍ണര്‍ക്കും ഡോ. പ്രവീണ്‍ ലാല്‍ പരാതി നല്‍കിയിരുന്നു. ഡോ. മോഹനന് മനുഷ്യ സാധ്യമല്ലാത്ത രീതിയില്‍ ഒരേസമയം രാജ്യത്തിന്റെ രണ്ട് ഭാഗത്തുള്ള രണ്ട് സര്‍വകലാശാലകളില്‍ കോഴ്സുകള്‍ ചെയ്തെന്നാണ് ഡോ. പ്രവീണ്‍ ലാല്‍ പരാതിയില്‍ ഉന്നയിക്കുന്നത്. കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 1988 ജൂണ്‍ മുതല്‍ 1991 ജൂണ്‍ വരെ ഡോ. മോഹനന് റേഡിയോ ഡയഗ്നോസിസില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം നടത്തിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ കേരള സര്‍വകലാശാല സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡോ. പ്രവീണ്‍ ലാല്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം 1989 സെപ്റ്റംബര്‍ രണ്ട് മുതല്‍ 1990 ആഗസ്റ്റ് 22 വരെ അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ കീഴിലുള്ള ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍നിന്ന് ഡോ. മോഹനന് ഡി.സി.എച്ച് (ഡിപ്ലോമ ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത്) കോഴ്സും പഠിച്ചിട്ടുണ്ട്. ഇക്കാര്യം വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ അലിഗഡ് സര്‍വകലാശാലയും സ്ഥിരീകരിച്ചതാണ്. ഒരേസമയം രണ്ട് സര്‍വകലാശാലകളുടെ കീഴിലുള്ള രണ്ട് മെഡിക്കല്‍ കോളജുകളില്‍ വ്യത്യസ്ത ഫുള്‍ ടൈം കോഴ്സുകള്‍ പഠിക്കുകയെന്നത് അസാധ്യമാണെന്ന് മാത്രമല്ല, ലോകത്തൊരിടത്തും അനുവദനീയമല്ലാത്തതും യു.ജി.സിയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇതുസംബന്ധിച്ച് താന്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ മറുപടി കാത്തിരിക്കുകയാണെന്നും ഇക്കാര്യം പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട കോഴ്സിന്റെ പരീക്ഷാഫലം റദ്ദാക്കുകയും ബിരുദം പിന്‍വലിക്കുകയും വേണമെന്നാണ് ഡോ. പ്രവീണ്‍ ലാലിന്റെ ആവശ്യം.
ഡോ. പ്രവീണ്‍ലാല്‍ ഉള്‍പ്പെടെ വി.സി സ്ഥാനത്തേക്ക് 17 അപേക്ഷകര്‍ ഉണ്ടായിരുന്നു. വി.സി സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറോട് താല്പര്യം അറിയിച്ച ആളെ ഒഴിവാക്കിയെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. 17 പേരില്‍ ഏറ്റവും യോഗ്യത കുറഞ്ഞയാളെ ഡോ. ബി. ഇക്ബാല്‍ കണ്‍വീനറായ തിരച്ചില്‍ സമിതി എങ്ങനെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന സംശയവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പട്ടികജാതിക്കാരനായ തന്നെ ഉള്‍പ്പെടെ യോഗ്യരായ മറ്റ് പലരെയും ഒഴിവാക്കി വി.സിയെ നിയമിച്ചത് ചോദ്യം ചെയ്ത് ഡോ. പ്രവീണ്‍ ലാല്‍ പരാതി നല്‍കിയത്.