കോന്നി : അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡിലെ ഒന്നാം റീച്ചായ കല്ലേലി കാവൽപുര മുതൽ അച്ചൻകോവിൽ വരെയുള്ള ഭാഗങ്ങൾ നവീകരിക്കുന്നതിന് അനുമതി നൽകിയതായി കോന്നി ഡിഎഫ്ഒ അറിയിച്ചു. കലുങ്കുകൾ, ചപ്പാത്തുകൾ, മണ്ണൊലിപ്പ് ഉണ്ടാകാതെ ഫെൻസിങ് നിർമിക്കുന്നതിന് കേരള റോഡ് എക്‌സിക്യുട്ടീവ് എൻജിനീയർ തിരുവല്ലയ്ക്ക് എതിർപ്പില്ലാ രേഖ നൽകിയിട്ടുണ്ട്. 1980-ലെ വന നിയമപ്രകാരമേ വനനിർമാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെമ്പനരുവി, കൃഷ്ണവിലാസം പി.കൃഷ്ണകുമാർ നൽകിയ വിവരാവകാശത്തിന് മറുപടിയിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് 80 കോടി രൂപ ചെലവഴിച്ച് വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
80 കിലോമീറ്ററാണ് ദൂരം. ഈ റോഡിന്റെ ഭാഗമായിട്ടുള്ള സീതത്തോട് പാലത്തിന്റെ പണി പൂർത്തിയായി. സീതത്തോട് പഞ്ചായത്തിലെ അനുബന്ധ റോഡുകളും നിർമാണം പുരോഗമിക്കുകയാണ്.
ഒന്നാം റീച്ചിൽപ്പെട്ട കല്ലേലി-അച്ചൻകോവിൽ റോഡിലെ 18 കിലോമീറ്റർ വീതികൂട്ടി നന്നാക്കാൻ വനം വകുപ്പ് അനുമതി നൽകിയില്ല. നിലവിലുള്ള 3.8 മീറ്റർ വീതിയിൽത്തന്നെ റോഡ് സംരക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജില്ലയിലെ വികസന പ്രവർത്തനങ്ങളിൽ എടുത്തുകാട്ടുന്ന പദ്ധതിയാണ് അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ്.