കോഴിക്കോട്: നിലമ്പൂരിൽ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മുന്നണി മര്യാദ പാലിക്കാതെയെന്ന് കാമരാജ് കോൺഗ്രസ്. ഘടകകക്ഷികളുമായി കൂടിയാലോചിക്കാതെയാണ് ബിജെപി സ്വന്തം നിലക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഘടകകക്ഷി എന്ന നിലയിൽ ഈ സ്ഥാനാർഥി പ്രഖ്യാപന രീതിയോട് കടുത്ത വിയോജിപ്പുണ്ട്. മുന്നണി മര്യാദകൾ ഒന്നും തന്നെ പാലിക്കാതെയാണ് ഈ സ്ഥാനാർഥി പ്രഖ്യാപനം. സ്ഥാനാർഥിയെ നിർത്താൻ ബിജെപിക്ക് എല്ലാ അവകാശവും ഉണ്ട്. എന്നാൽ മുന്നണി യോഗം വിളിച്ച് ഘടകകക്ഷികളെ കൂടി ഇക്കാര്യം അറിയിക്കുന്നതായിരുന്നു മര്യാദ. അല്ലാതെ ഏകപക്ഷീയമായി ബിജെപി മത്സരിക്കുമെന്ന് തീരുമാനിക്കുകയും ഒരാളെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമല്ല വേണ്ടത്.
ആദ്യം ബിഡിജെഎസിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടതായി പത്രവാർത്തയിലൂടെ അറിഞ്ഞു. അവർ വലിയ താത്പര്യം കാണിക്കാത്തതുകൊണ്ടാകാം ഇപ്പോൾ തനിയെ മത്സരിക്കുന്നത്. എന്തായാലും ഒന്നോ രണ്ടോ കക്ഷികൾ മാത്രമായല്ല ഇതൊന്നും തീരുമാനിക്കേണ്ടത്. വലുതും ചെറുതുമായ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുക്കണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ വന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധികകാലം ഇല്ലെന്നിരിക്കെ ഇത്തരം പ്രവർത്തന പോരായ്മകൾ പരിഹരിക്കാൻ അദ്ദേഹം മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷ. സ്ഥാനാർഥിയായി ബിജെപി തീരുമാനിച്ച മോഹൻ ജോർജ് എല്ലാ അർഥത്തിലും അതിന് യോഗ്യനാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.