തിരുവനന്തപുരം : പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ സി.ദിവാകരന്‍റെ വിമര്‍ശനത്തിന് മറുപടി നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രായപരിധി ഉടന്‍ നടപ്പാക്കും. ദേശീയ കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗരേഖപ്രകാരമാണ് പാര്‍ട്ടി സമ്മേളനത്തില്‍ പ്രായപരിധി നടപ്പാക്കുന്നത്. താഴെത്തട്ടിലുളള സമ്മേളനങ്ങളില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞതാണ്.
സി.ദിവാകരന്‍ ഇതറിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ കുറ്റമല്ലന്നും അത് ദിവാകരന്‍റെ മാത്രം കുറ്റമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനപ്രകാരം സംസ്ഥാന സെക്രട്ടറിക്ക് മൂന്നുതവണ തുടരാമെന്നും കാനം വ്യക്തമാക്കി. പ്രായപരിധി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുള്ളതായി തനിക്കറിയില്ലെന്നായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രായപരിധി നടപ്പാക്കണമെങ്കില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സി ദിവാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.