തിരുവനന്തപുരം : സിപിഐ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവര്‍ മലര്‍ന്നുകിടന്നു തുപ്പുന്ന പണിയാണ് ചെയ്യുന്നതെന്ന് കാനം പ്രതികരിച്ചു. സ്വന്തം പ്രസ്ഥാനത്തോടുള്ള കൂറും കടപ്പാടും ഗൗരവത്തോടെ കാണാത്തതിന്റെ പ്രശ്‌നമാണിതെന്നും സിപിഐ സെക്രട്ടറി പറഞ്ഞു. ലോകായുക്ത വിഷയത്തിലുള്‍പ്പടെ സര്‍ക്കാരിനെതിരെയും കാനത്തിന്റെ നിലപാട് സംശയാസ്പദമാണെന്നും സിപിഐ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിനെതിരെയായിരുന്നു കാനത്തിന്റെ പ്രതികരണം. ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ മുന്നണിയുടെ പൊതു രാഷ്ട്രീയം അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. നേട്ടങ്ങളും കോട്ടങ്ങളും, സര്‍ക്കാരിന്റെ സുഖവും ദുഃവും തുല്യമായി പങ്കിടണം. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ആത്മനിഷ്ഠാ ധാരണയിലല്ല, പൊതുരാഷ്ട്രീയ ധാരണയിലാണ് സിപിഐ മുന്നോട്ട് പോകുന്നതെന്നും കാനം പറഞ്ഞു.