ബീഹാർ : ബീഹാറിലെ സരൺ ജില്ലയിൽ സി.പി.ഐ നേതാവ് കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. കോപ ബസാറില്‍ ചപ്ര-സിവാൻ പാതയിലൂടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് സംഭവം. 20-25 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തിൽ കനയ്യ കുമാറിന് പരിക്കേറ്റിട്ടില്ല. ഇതേസമയം കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന്റെ ചില്ലുകള്‍ തകർന്നതായി എസ്.എച്ച്.ഒ ശിവ്‌നാഥ് റാം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അക്രമികൾ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
“ജൻ മന്‍ മൻ യാത്ര” യിൽ പങ്കെടുക്കാൻ കനയ്യ കുമാർ സിവാനിൽ നിന്ന് ചപ്രയിലേക്ക് പോവുകയായിരുന്നു. അക്രമികളിൽ നിന്ന് രക്ഷപെടുത്താനായി മുൻ ജെ.എൻ.യു വിദ്യാർഥി നേതാവ് കൂടിയായ കനയ്യ കുമാറിന്റെ വാഹനം അദ്ദേഹത്തിന്റെ അനുയായികൾ കോപ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയായിരുന്നു.