ദില്ലി: മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പോലീസ് കസ്റ്റഡിയില്‍. സിഎഎ-എൻആർസി-എൻപിആർ എന്നിവയ്ക്ക് എതിരെ ഒരുമാസം നീണ്ടുനിൽക്കുന്ന ജൻ-ഗൺ-മൻ യാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കനയ്യ കുമാർ. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിൽ വച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. തന്റെ ട്വിറ്റർ പേജിലൂടെ കനയ്യകുമാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ മധ്യേ വച്ച് നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കനയ്യയെ പോലീസ് കസ്റ്റഡിയിലെടുത്ത്.
മാർച്ചിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് സിപിഐ പ്രവർത്തകരും മറ്റ് സംഘടനകളിൽ നിന്നുള്ളവരും എത്തുകയും ചെയ്തു. എന്നാൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് കനയ്യയെ ബഹുജനങ്ങളും പൊതുജനങ്ങളും കൂടിനിൽക്കേ വൻസന്നാഹവുമായെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സരസ്വതി പൂജ നടക്കുന്ന ദിവസമായതിനാൽ ഇത്തരത്തിലൊരു റാലി നടത്തുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇക്കാര്യം എഎസ്പി സൂര്യകാന്ത് ചൗബെ സ്ഥിരീകരിക്കുകയും ചെയ്തു.