കൊടുങ്ങല്ലൂര്‍: അവശ്യവസ്തുക്കളെന്ന വ്യാജേന വിശാഖപട്ടണത്തു നിന്ന് കേരളത്തിലേക്ക് വാഹനത്തില്‍ കടത്തിയ 80 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. ഇരിഞ്ഞാലക്കുട പടിയൂര്‍ തൊഴുത്തുങ്ങല്‍പുറത്ത് സജീവന്‍, നോര്‍ത്ത് പറവൂര്‍ ചെറിയ പല്ലന്‍തുരുത്ത് കാക്കനാട്ട് വീട്ടില്‍ സന്തോഷ്, മൂത്തകുന്നം മടപ്ലാംതുരുത്ത് വാടെപറമ്പില്‍ യദു രഞ്ജിത്ത്, ഗോതുരുത്ത് കടവന്‍തുരുത്ത് കല്ലറക്കല്‍വീട്ടില്‍ ബിജു എന്നിവരാണ് അറസ്റ്റിലായത്.
ലോക്ഡൗണിന്റെ മറവില്‍ പഴം-പച്ചക്കറി വ്യാപാരികളെന്ന വ്യാജേനയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയിരുന്നത്. പിടികൂടിയ കഞ്ചാവിന് ഒന്നരക്കോടിയോളം വിലവരും. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി കഞ്ചാവ് വിപണനം വ്യവസായമാക്കി മാറ്റിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് കഞ്ചാവ് പിടിച്ചത്.