പാലക്കാട് : കഞ്ചിക്കോട് ട്രെയിൻ തട്ടി മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുകൊടുത്തു. സ്ഥലത്ത് മരിച്ചവരുടെ സുഹൃത്തുക്കളായ തൊഴിലാളികൾ നടത്തിയ പ്രതിഷേധം അവസാനിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചു. അനുഗമിക്കുന്ന ആളുകളെ നാട്ടിലെത്തിക്കുമെന്നും ഇതിനുള്ള ചെലവും സർക്കാർ വഹിക്കുമെന്നും അറിയിച്ചു.
ജാർഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തിൽ ആറ് സേനാംഗങ്ങൾക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസും തൊഴിലാളികൾ അടിച്ചു തകർത്തു.