മല്ലപ്പള്ളി : കണ്ടൻ പേരൂർ – ചെട്ടിയാർ മുക്ക് റോഡ് തകർന്നടിഞ്ഞ് കാൽ നടയാത്ര പോലും ദുസഹമായിട്ട് വർഷങ്ങളായി. അറ്റകുറ്റ പണികൾക്കായി ഒരു വർഷം മുൻപ് ഇറക്കിയ മെറ്റൽ ഇപ്പോൾ അപകട ഭീഷണിയായിരിക്കുകയാണ്. റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ടുമാണ്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും പതിവാകുന്നുണ്ട്.
നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നാളുകളായി കാത്തിരിക്കുകയാണ് നാട്ടുകാർ. നിർമ്മാണത്തിനായി റോഡിന്റെ വശത്ത് മെറ്റൽ ഇറക്കിയിട്ട് ഒരു വർഷം കഴിഞ്ഞു. മെറ്റൽ റോഡിലേക്ക് നിരന്ന് അപകട സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ദുരിതയാത്രക്ക് പരിഹാരം കാണുന്നതിന് വർഷങ്ങളായി അധികാരികളുടെ കനിവും കാത്ത് കഴിയുകയാണ് പ്രദേശവാസികൾ.