കൊച്ചി : കോവിഡ് ചികിത്സയ്ക്ക് അമിത ബില്ലു നൽകുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഈ അസാധാരണ സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടി കോടതി വിമർശനം ഉയർത്തി. നിലവിലെ സാഹചര്യം വളരെ മോശമാണ്. കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അതേസമയം കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്കെതിരെ സർക്കാർ ഉത്തരവിറക്കി. മുറിവാടക ഉൾപ്പടെയുള്ളവയ്ക്ക് ആശുപത്രിക്ക് ഈടാക്കാവുന്ന പരമാവധി തുക വ്യക്തമാക്കിയാണ് ഉത്തരവ്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
രണ്ടു ദിവസത്തെ ഓക്സിജന് 45,000 രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്തശേഷമാണ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് കോടതി പറഞ്ഞു.
ആശുപത്രി ജനറൽ വാർഡിനു പ്രതിദിനം പരമാവധി ഈടാക്കാവുന്ന തുക 2645 രൂപയായിരിക്കും. മുറിവാടകക്കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. പിപിഇ കിറ്റുകൾ വിപണി വിലയ്ക്കു നൽകണം. ഓക്സീമീറ്ററുകൾ പോലുള്ള അവശ്യ ഉകരണങ്ങൾക്ക് അധിക നിരക്ക് ഈടാക്കരുത്. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഡിഎംഒയെ സമീപിക്കാം. ആശുപത്രികൾ നിരക്ക് സംബന്ധിച്ച വിവരങ്ങൾ രോഗികൾക്കും ബന്ധുക്കൾക്കും കാണത്തക്കവിധം പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണം.
അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് നിശ്ചയിച്ച തുകയെക്കാൾ അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റിയെ നിയോഗിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച കോടതിയുടെ നിലപാട് വൈകാതെ പുറത്തുവരും.