കോട്ടയo: കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലി കോട്ടയത്തെ ബിജെപിയില്‍ കടുത്ത തര്‍ക്കം. ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവും മുന്‍ പ്രസിഡന്റ് എന്‍. ഹരിയും സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനവും നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. കോണ്‍ഗ്രസ് വിട്ടുവന്ന ജെ. പ്രമീളാദേവിയും കഴിഞ്ഞ തവണ മത്സരിച്ച വി.എന്‍. മനോജും സീറ്റില്‍ അവകാശവാദം ഉയര്‍ത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ പള്ളിക്കത്തോട് പഞ്ചായത്ത് ബിജെപി പിടിച്ചെടുത്തിരുന്നു. ഈ നേട്ടത്തില്‍ അവകാശവാദം ഉന്നയിച്ചാണ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. കോട്ടയം ജില്ലയില്‍ ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.
അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നല്‍കണമെന്ന ബിഡിജെഎസിന്‍റെ ആവശ്യം ബിജെപി തള്ളിയിരുന്നു. ബിഡിജെഎസിന് ഇക്കുറി 20 സീറ്റുകളില്‍ താഴെ മാത്രമേ നല്‍കൂ. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ബിഡിജെഎസിന് വിനയായത്. പ്രധാനപ്പെട്ട സീറ്റുകള്‍ ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം. കോവളം, വര്‍ക്കല, വാമനപുരം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍, നാട്ടിക, കുട്ടനാട്, തിരുവല്ല, തൊടുപുഴ സീറ്റുകളാകും തിരിച്ചെടുക്കുക. ബിഡിജെഎസിന് ഇരുപതില്‍ സീറ്റുകളില്‍ താഴെ മാത്രമായിരിക്കും ഇത്തവണ ലഭിക്കുക.