ബെംഗളൂരു: എതിർപ്പ് ശക്തമായതോടെ കർണാടകയിൽ സ്വകാര്യമേഖലയിലെ ജോലികൾക്ക് സ്വദേശി സംവരണത്തിനുള്ള നീക്കത്തിൽ നിന്ന് തത്ക്കാലം പിൻമാറി സംസ്ഥാന സർക്കാർ. 50 ശതമാനം മാനേജ്മെന്റ് പദവികളും 75 ശതമാനം നോൺ മാനേജ്മെന്റ് ജോലികളിലും കന്നഡിഗരെ നിയമിക്കാനുള്ള ബിൽ മരവിപ്പിച്ചു. ഐടി മേഖലയിൽ നിന്നുൾപ്പെടെ വലിയ എതിർപ്പ് വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം. കൂടിയാലോചനകൾക്ക് ശേഷം അന്തിമതീരുമാനമെന്ന് സിദ്ധരാമയ്യ പറഞ്ഞു. വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം വ്യവസായ വളർച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രതികരിച്ചു.
ജിഡിപിയുടെ 25 ശതമാനം ടെക് ഇൻഡസ്ട്രിയാണ് നൽകുന്നതെന്നിരിക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്പനികളെ ബെംഗളുരു വിടാൻ നിർബന്ധിതരാക്കുമെന്നും നാസ്കോം അഭിപ്രായപ്പെട്ടു. സോഫ്റ്റ്‌വെയർ, സർവീസ് കമ്പനികളുടെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാസ്‌കോം. ഐടി കമ്പനികൾ കൂടുതലുളള ബെംഗളുരുവിൽ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് സംഘടന സൂചിപ്പിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ, ഐടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ.