കോന്നി : തണ്ണിത്തോട് റോഡിൽ അപകടാവസ്ഥയിൽ ആയ പാഴ്മരങ്ങൾ മുറിച്ചു മാറ്റാത്തത് അപകടക്കെണിയാകുന്നു. നിരവധി മരങ്ങൾ ആണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണത്. നിരവധി വൈദ്യുത തൂണുകളും ഒടിഞ്ഞു വീണിരുന്നു. വട്ടമരങ്ങളും വേരുകൾ നഷ്ടപെട്ട പാഴ്മരങ്ങളും അടക്കം 286 മരങ്ങൾ ആണ് കോന്നി തണ്ണിത്തോട് റോഡിൽ മുറിച്ചു മാറ്റാനുള്ളത്. ഈ മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയപ്പോൾ ഇത്രയും മരങ്ങൾ ഒന്നിച്ച് മുറിച്ചു മാറ്റാൻ സാധിക്കില്ല എന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്.
ഏറ്റവും അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാം എന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് 56 മരങ്ങളുടെ ലിസ്റ്റ് വനം വകുപ്പിന് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇത് മുറിച്ചുനീക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ. മുണ്ടോൻമൂഴി പാലം വരെയുള്ള ഭാഗത്ത് നിരവധി പാഴ്മരങ്ങൾ ആണ് അപകട ഭീഷണയിൽ ഉള്ളത്. വള്ളിപ്പടർപ്പുകൾ വളർന്നുകയറി ഇവയെല്ലാം ഒടിഞ്ഞു വീഴാറായ അവസ്ഥയിലാണ് നിലവിലുള്ളത്. ചുവട്ടിലെ വേരുകളും മണ്ണും നഷ്ടപെട്ട മരങ്ങളും അനവധിയാണ്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ കൂടുതൽ മരങ്ങൾ ഒടിഞ്ഞു വീഴുന്നതിനുള്ള സാധ്യതയും ഏറെയാണ്.