തിരുവനന്തപുരം : സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തന്നെ ഭയപ്പെടുത്താനാകില്ലെന്നും അമിത് ഷായ്ക്ക് വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും പക്ഷെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. ”എനിക്കെതിരെ ഗുജറാത്ത് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അമിത് ഷാ, ഇത് നല്ലൊരു ശ്രമമാണ്. നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം, പക്ഷെ, നിശബ്ദനാക്കാന്‍ കഴിയില്ല. ഇവിടെ ആര്‍ക്കും നിങ്ങളെ ഭയമില്ല.” കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു.
സിവില്‍ സര്‍വീസ് രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിയ അദ്ദേഹം ഇത് തനിക്കെതിരെ കൂടുതല്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളാനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. രാജിവെച്ച് എട്ട് മാസം കഴിഞ്ഞിട്ടും ജോലി ചെയ്ത ദിവസത്തെയും മറ്റും ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.