കണ്ണൂര്‍ : കണ്ണൂരില്‍ ഇടഞ്ഞ് നില്‍ക്കുന്ന എ വിഭാഗത്തെ അനുനയിപ്പിക്കാന്‍ എം.എം ഹസനും കെ.സി ജോസഫും. എ വിഭാഗം നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തും. എ വിഭാഗം നേതാവ് സോണി സെബാസ്റ്റ്യന് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം നല്‍കാനും ആലോചനയുണ്ട്. അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സ്ഥാനാര്‍ഥി സജീവ് ജോസഫ് പറഞ്ഞു. ഇടഞ്ഞ് നില്‍ക്കുന്ന എ വിഭാഗം നേതാക്കളെ ഏത് വിധേനയും അനുനയിപ്പിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഇന്നലെ സോണി സെബാസ്റ്റ്യന്‍ അടക്കമുളളവരുമായി എ.കെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ഇന്ന് എം.എം ഹസനും കെ.സി ജോസഫും ജില്ലയിലെത്തുന്നത്. രാജിവെച്ച എ വിഭാഗം നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തും.
സോണി സെബാസ്റ്റ്യന് ഡി.സി.സി പ്രസിഡണ്ട് സ്ഥാനം നല്‍കി പ്രശ്ന പരിഹാരത്തിനുളള ഒരു ഫോര്‍മുല നേതാക്കള്‍ മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇരിക്കൂര്‍ സീറ്റില്‍ പുനരാലോചന വേണമെന്ന കടുത്ത നിലപാടിലാണ് എ വിഭാഗം.ഇതിനിടെ ഇന്ന് നടത്താന്‍നിശ്ചയിച്ച ഇരിക്കൂര്‍മണ്ഡലം കണ്‍വെന്‍ഷനില്‍നിന്നും പിന്നോട്ടില്ലന്ന് എ വിഭാഗം അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ശ്രീകണ്ഠപുരത്താണ് കണ്‍വെന്‍ഷന്‍. ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഇരിക്കൂറില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താനും എ വിഭാഗം ആലോചിക്കുന്നുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലങ്കില്‍ ജില്ലയില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിടണ്ടി വരുമെന്ന് കെ.സുധാകരനും നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ വീണ്ടും ജ്യോതി വിജയകുമാറിനെ പരിഗണിക്കുകയാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന ആരോപണം മറികടക്കാനാണ് പുതിയ നീക്കം. ഇതോടെ പി.സി വിഷ്ണുനാഥ് കുണ്ടറിയിലേക്ക് മാറേണ്ടി വരും. കല്‍പ്പറ്റയില്‍ ടി സിദ്ദീഖും നിലമ്പൂരില്‍ വിവി പ്രകാശും സീറ്റ് ഉറപ്പിച്ചതായാണ് വിവരം. ധര്‍മടത്തും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.