തലശ്ശേരി: തിങ്കളാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ജില്ലയില്‍ പൊലീസ് സംവിധാനം കാര്യക്ഷമമാക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര. 8,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാനപാലത്തിനായി ജില്ലയില്‍ വിന്യസിക്കുന്നത്. 900 ത്തിലധികം ബൂത്തുകളാണ് ജില്ലയിലുള്ളത്. എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലായിരിക്കും.
ക്യാമറ അതാത് സ്റ്റേഷനിലെ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ടിരിക്കും. പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസിനെ കൂടാതെ തണ്ടര്‍ ബോള്‍ട്ട്, അര്‍ധസൈനിക വിഭാഗത്തിെന്റയും സാന്നിധ്യം ഉണ്ടാകും. 54 പ്രശ്നബാധിത ബൂത്തുകളാണ് ജില്ലയിലുള്ളത്. ആറ് സ്ട്രൈക്കര്‍ ഫോഴ്സിനെയാണ് വിവിധയിടങ്ങളിലായി നിര്‍ത്തുക. എന്ത് പ്രശ്നങ്ങളുണ്ടായാലും 30 ഉദ്യോഗസ്ഥരടങ്ങുന്ന സ്ട്രൈക്കര്‍ ഫോഴ്സ് സ്ഥലത്തെത്തും. കോവിഡ് മാനദണ്ഡം അനുസരിച്ച്, ബൂത്തിന് സമീപത്ത് ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ല. അത്തരത്തില്‍ ആള്‍ക്കൂട്ടം ഉണ്ടാകുമ്പോള്‍ പൊലീസ് നടപടിയുണ്ടാകും.
കൂടാതെ മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, ഓട്ടോറിക്ഷ സ്റ്റാന്‍ഡ് തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റിങ്ങും ഏര്‍പ്പെടുത്തും. ആളുകള്‍ കൂടിയുള്ള കൊട്ടിക്കലാശം ഇത്തവണ ഉണ്ടാകില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലംഘിച്ചാലുള്ള നടപടി പിന്നീട് തീരുമാനിക്കും. ജില്ലയിലെ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാന്‍ ഹെല്പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്ത് സഹായത്തിനും പൊലീസ് സേവനസന്നദ്ധരായി രംഗത്തുണ്ടാകുമെന്നും പൊലീസ് മേധാവി അറിയിച്ചു.
തലശ്ശേരി സബ് ഡിവിഷന് കീഴിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി തലശ്ശേരിയില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ബ്രീഫിങ് നടത്തി.