കണ്ണൂര്‍ : പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ. പതിനൊന്നിലധികം പ്രതികള്‍ക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയ്ക്ക് പിന്നില്‍ ആസൂത്രണമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം കൃത്യമായി പരിശോധിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ആക്രമണമുണ്ടായ സ്ഥലം കമ്മീഷണര്‍ പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായത്. മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 11പേരെ തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസെടുക്കും. ഇന്നലെ രാത്രി എട്ടരയോടെ വീട്ടില്‍ അതിക്രമിച്ചുകയറി ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ മന്‍സൂറിന്റെ സഹോദരന്‍ മുഹസിന്‍ കോഴിക്കോട് ചികിത്സയിലാണ്.