കണ്ണൂര്‍ : സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി രൂക്ഷം. രണ്ടായിരത്തോളം ജീവനക്കാരുടെ ശമ്പള വിതരണം ഈ മാസവും മുടങ്ങി. 4 വര്‍ഷമായി തുടരുന്ന പ്രതിസന്ധി വര്‍ധിച്ചതോടെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ കൂട്ടത്തോടെ രാജി വെക്കുന്നന്നതും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി മാറുകയാണ്.
പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തെന്ന പ്രഖ്യാപനം വന്നിട്ട് വര്‍ഷം 4 പിന്നിട്ടു. എന്നാല്‍ കടമ്പകള്‍ ഇനിയുമേറെ. ഇവിടെ ജോലി ചെയ്യുന്നവരെ ഇതുവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചിട്ടില്ല. മൂന്ന് മാസം മുന്‍പ് വരെ ആശുപത്രി ഫണ്ടില്‍ നിന്നായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഈ അനുമതി ധനവകുപ്പ് നിഷേധിച്ചതോടെ ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിലാകുകയായിരുന്നു. സ്പാര്‍ക് വഴി ശമ്പളം നല്‍കണമെങ്കില്‍ ജീവനക്കാര്‍ക്ക് സ്ഥിരം എംപ്ലോയ്‌മെന്റ് നമ്പറോ താത്കാലിക നമ്പറോ ലഭിക്കണം. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
രണ്ടായിരത്തോളം വരുന്ന ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ നാല് വര്‍ഷമായി ജീവനക്കാരുടെ ക്ഷാമബത്ത, ശമ്പള വര്‍ധന, സ്ഥാനകയറ്റം എന്നിവയും മുടങ്ങി. ഇതിനിടെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രാജിവെച്ചതും പ്രതിസന്ധിയുടെ ആഴം കൂട്ടി. പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയാണ് ജീവനക്കാര്‍.