കണ്ണൂര്‍ : സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംക്കോടതിയുടെ പരിഗണയിലെത്തും. ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവാദമായ വിഷയമാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ വി.സി നിയമനം. പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സര്‍വകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.ഷിനോ പി ജോസ് എന്നിവരായിരുന്നു സുപ്രീംക്കോടതിയ്ക്ക് മുന്നിലെത്തിയത്. വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. മാത്രമല്ല, ചട്ടപ്രകാരമാണ് പുനര്‍നിയമനം നടത്തിയതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.