കറാച്ചി: കറാച്ചി വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ്. വന്‍ അപകടത്തില്‍നിന്ന് നിസാര പരിക്കുകളോടെയാണ് സഫര്‍ മസൂദ് രക്ഷപെട്ടത്. ഇദ്ദേഹത്തെ ദാറുള്‍ സെഹാത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ഇടുപ്പിലും തോള് അസ്ഥിക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ പൊള്ളലോ മറ്റ് മുറിവുകളോ അദ്ദേഹത്തിനുണ്ടായില്ല.
അപകടത്തില്‍ 37 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മസൂദ് ഉള്‍പ്പെടെ 91 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ച മുഴുവന്‍ പേരും വിമാനത്തിലുള്ളവര്‍ ആയിരുന്നോ അതോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും മരണപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അറിവായിട്ടില്ല.
ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിലേക്കുള്ള ലാന്‍ഡിംഗിന് തൊട്ടുമുമ്പായിരുന്നു അപകടം.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജിന്നാ കോളനിക്ക് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. തകര്‍ന്ന് വീഴുന്നതിനു മുന്‍പ് രണ്ടോ മൂന്നോ വട്ടം ലാന്‍ഡ് ചെയ്യാന്‍ വിമാനം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. വിമാനം മൊബൈല്‍ ടവറില്‍ ഇടിച്ച് കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.