തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസലിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയതില്‍ സി.പി.ഐയില്‍ അസംതൃപ്തി. ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ പൂര്‍ണ ഉത്തരവാദിത്വം എല്‍.ഡി.എഫ് കൊടുവള്ളി മുന്‍സിപാലിറ്റിക്കാണെന്ന് സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ പറഞ്ഞു. ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വിഷയം ഒരു പൊതുചര്‍ച്ചയാക്കണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്.
പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. സിപിഎം നേതാക്കളെയും കാരാട്ട് റസാഖ് എംഎല്‍എയെയും വേദിയിലിരുത്തി പിടിഎ റഹീം എംഎല്‍എ ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. പറമ്പത്ത്കാവ് ഡിവിഷനിലെ കൗണ്‍സിലറായിരുന്ന ഫൈസല്‍ ഇത്തവണ ചുണ്ടപ്പുറം വാര്‍ഡില്‍ മത്സരിക്കും. ഫൈസലിനെ സ്വാഗതം ചെയ്തുള്ള ബാനറുകള്‍ എല്‍ഡിഎഫ് ഡിവിഷന്‍ കമ്മറ്റി വെച്ചുകഴിഞ്ഞു. ഇലക്ഷന്‍ കമ്മിറ്റി ഓഫീസും തയ്യാറാകുന്നു.
സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനാണ് കാരാട്ട് ഫൈസല്‍. വീട് റെയ്ഡ് നടത്തിയതിന് ശേഷം ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. 2013 കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മിനികൂപ്പര്‍ വിവാദത്തോടെയാണ്. എല്‍ഡിഎഫിന്‍റെ ജനജാഗ്രതയാത്രയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്‍റെ മിനി കൂപ്പര്‍ കാറില്‍ സഞ്ചരിച്ചത് വലിയ വിവാദമായി. പിടിഎ റഹീം എംഎല്‍എ രൂപീകരിച്ച നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സിന്‍റെ സംസ്ഥാന നേതാവായിരുന്നു മുന്‍പ് ഫൈസല്‍. ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചോദിക്കാന്‍ സിപിഎം ജില്ലാ-ഏരിയ-ലോക്കല്‍ കമ്മിറ്റി നേതാക്കളെ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല