കൊച്ചി : സ്വർണക്കടത്ത് കേസിൽ തന്റെ പേര് ഉൾപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎൽഎ. പ്രതികളാരും തന്റെ പേര് പറഞ്ഞിട്ടില്ല, പ്രതിയുടെ ഭാര്യയാണ് തന്റെ പേര് പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നും എംഎൽഎ പറഞ്ഞു. നേരത്തെ സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎൽഎയുമായി അടുത്ത ബന്ധമെന്ന് പ്രതി സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. റിപ്പോർട്ടിൽ കാരാട്ട് ഫൈസൽ എന്ന പേരിനൊപ്പം കാരാട്ട് റസാഖ് എന്ന പേരും പരാമർശിക്കുന്നു.
എന്നാൽ ഇത് കാരാട്ട് റസാഖ് എംഎൽഎ തന്നെയാണോ എന്നുറപ്പില്ല. ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചത്. പ്രതികൾ തമ്മിൽ നടത്തിയ ആശയ വിനിമയത്തിലും എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഘട്ടത്തിലും എംഎൽഎ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും മൊഴിയുണ്ട്. റമീസ് വഴിയായിരുന്നു എംഎൽഎയും ഇടപെടൽ. ഇക്കാര്യം രഹസ്യ റിപ്പോർട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നൽകി. ഇതിന് പിന്നാലെയാണ് കാരാട്ട് റസാഖ് എംഎൽഎയുടെ പ്രതികരണം. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ തന്റെ പേര് വന്നതിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന സംശയവും എംഎൽഎ പ്രകടിപ്പിച്ചു.