കരിപ്പൂർ : അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം അപകടസ്ഥലത്തുനിന്ന് നീക്കാനുള്ള ജോലി തുടങ്ങി. വിമാനത്തിന്റെ ചിറകുകൾ അഴിച്ചുമാറ്റുന്ന പണിയാണ് ആരംഭിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സാങ്കേതിക വിദഗ്‌ധരുടെ സാന്നിധ്യം ഇവിടെയുണ്ട്. വിമാനത്തിന്റെ സാങ്കേതിക തകരാറുകളുടെ പരിശോധന പൂർത്തിയാക്കി.
തുടർന്ന് വിമാനത്തിന്റെ അടിഭാഗവും യന്ത്രങ്ങളും പരിശോധിക്കുന്ന പ്രവർത്തനങ്ങളും തുടങ്ങി. കൂട്ടാലുങ്ങൽ ഭാഗത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്തേക്കാണ് വിമാനം മാറ്റുന്നത്. തിങ്കളാഴ്ച വിമാനഭാഗങ്ങൾ മാറ്റിത്തുടങ്ങുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക വിദഗ്‌ധർക്കും മുംബൈയിൽനിന്നുള്ള എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കും കരിപ്പൂരിലെത്താനായില്ല. ഇൻഷുറൻസ് കമ്പനിക്കുവേണ്ടിയാണ് വിമാന അവശിഷ്‌ടങ്ങൾ സൂക്ഷിക്കുന്നത്.