കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കിയതിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ലോബിയാണ് ഹര്‍ജിക്ക് പിന്നിലെന്ന് സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഫോറം ആരോപിച്ചു. കേസില്‍ കക്ഷിചേരുമെന്നും സംഘടന വ്യക്തമാക്കി. കരിപ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
സാങ്കേതിക പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. യശ്വന്ത് ഷേണായിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരിപ്പൂര്‍ വിമാനത്താവളം എന്നന്നേക്കുമായി അടപ്പിക്കാനുള്ള ശ്രമമാണ് ഈ ഹര്‍ജിക്ക് പിന്നിലെന്നാണ് ആരോപണം. കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ടി വാദിക്കുകയും ഉള്ളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രമുഖര്‍ക്കെതിരെ തെളിവുകളുണ്ടെന്നും സംഘടന പറയുന്നു. ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാനാണ് സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഫോറത്തിന്റെ തീരുമാനം.