കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ.ഡി. അര്‍ജുന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ രംഗത്തിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആയങ്കിയുടെ സ്വത്ത് വിവരത്തെക്കുറിച്ച് തങ്ങള്‍ക്ക് സംശയമുണ്ടെന്നും വിഷയത്തില്‍ ഇഡിയുടെ ഇടപെടല്‍ ആവശ്യമാണെന്നും കസ്റ്റംസ് വെളിപ്പെടുത്തിയതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയാണ്.
അര്‍ജുന്‍ ആയങ്കിയുടെ വരുമാനത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കണമെന്ന് കസ്റ്റംസ് ഇഡിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം. അര്‍ജുന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെയുള്ളത് പതിനായിരം രൂപ മാത്രമാണ്. അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂരില്‍ വലിയ വീടും സമ്പത്തും പുരയിടവുമുണ്ട്. ഇത് ഭാര്യാമാതാവ് നല്‍കിയതാണെന്ന വിശദീകരണമാണ് ആയങ്കി നല്‍കുന്നത്. വരുമാനമൊന്നുമില്ലാതിരുന്നിട്ടും ആഢംബര ജീവിതമാണ് അര്‍ജുന്‍ ആയങ്കി നയിക്കുന്നതെന്നും കസ്റ്റംസ് ഇഡിയെ അറിയിച്ചുവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ആയങ്കിയെയും ആയങ്കിയുടെ പിന്നിലുള്ളവരെയും പൂട്ടാന്‍ ഇ.ഡി കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്.
അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ കുടുക്കി മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സി.സജേഷ് മൊഴി നല്‍കി. സ്വര്‍ണക്കടത്ത് സംഘവുമായി അര്‍ജുന് ബന്ധമുണ്ടെന്നുള്ളത് വളരെ വൈകിയാണ് അറിഞ്ഞതെന്ന് സജേഷ് കസ്റ്റംസിന് മൊഴി നല്‍കി. അര്‍ജുന് വേണ്ടിയാണ് തന്റെ പേരില്‍ കാര്‍ വാങ്ങിയത്. കള്ളക്കടത്ത് ബന്ധം അറിഞ്ഞപ്പോള്‍ കാറിന്റെ രജിസ്ട്രേഷന്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സജേഷ് പറഞ്ഞു.
സ്വര്‍ണ്ണമെടുത്തത് ആയങ്കിക്ക് വേണ്ടിയാണെന്ന് കൂട്ടുപ്രതി മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് സമ്മതിച്ചു. സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് ഷഫീഖ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം തവണ അര്‍ജുനുമായി സംസാരിച്ചിരുന്നുവെന്നും ഷഫീഖ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.