ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോലിന്റെ മകന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 23 ദിവസമായി വെന്‍റിലേറ്ററില്‍ തുടരുന്ന ഗോവിന്ദ് കര്‍ജോലിെന്‍റ മകന്‍ ഡോ. ഗോപാല്‍ കര്‍ജോലിന്റെ ആരോഗ്യ സ്ഥിതി വഷളായതോടെ എയര്‍ ആംബുലന്‍സില്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മകന്‍ ഉള്‍പ്പെടെ ഗോവിന്ദ് കര്‍ജോലിന്റെ കുടുംബത്തിലെ എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 കാരനായ ഡോ. ഗോപാല്‍ കര്‍ജോല്‍, ഗോവിന്ദ് കര്‍ജോലിന്റെ മൂത്ത മകനാണ്. 2018ല്‍ നാഗത്താന്‍ മണ്ഡലത്തില്‍നിന്നും ഗോപാല്‍ കര്‍ജോല്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. മകന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍ ശ്വാസകോശം മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും ഗോവിന്ദ് കര്‍ജോല്‍ സൂചിപ്പിച്ചു.
കോവിഡിനെതുടര്‍ന്ന് മകന്‍ ഡോ. ഗോപാല്‍ കര്‍ജോല്‍ കഴിഞ്ഞ 23 ദിവസമായി വെന്‍റിലേറ്ററിലാണെന്നും കുടുംബത്തിലെ എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഗോവിന്ദ് കര്‍ജോല്‍ ട്വിറ്ററില്‍ അറിയിച്ചു. താനും ഭാര്യയും അടുത്തിടെയാണ് രോഗ മുക്തി നേടി ആശുപത്രിവിട്ടതെന്നു ഇതേതുടര്‍ന്നാണ് കലബുറഗിയിലെയും ബാഗല്‍കോട്ടിലെയും പ്രളയ ബാധിത മേഖല സന്ദര്‍ശിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം അറിയിച്ചു.
ബാഗല്‍കോട്ടിലെ മുദ്ദോളില്‍നിന്നുള്ള എം.എല്‍.എആയ ഗോവിന്ദ് കര്‍ജോലിനാണ് ബാഗല്‍കോട്ടിന്റെയും കലബുറഗിയുടെയും ജില്ല ചുമതല. 19 ദിവസത്തെ ആശുപത്രി ചികിത്സക്കുശേഷം കോവിഡ് രോഗമുക്തി നേടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് ഗോവിന്ദ് കര്‍ജോല്‍. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വീട്ടിലിരുന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നു അദ്ദേഹം അറിയിച്ചു.