രാജപുരം : ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ചികിത്സ കിട്ടാതെ കർണാടക അതിർത്തി പ്രദേശത്തെ മലയാളി മരിച്ചു. കല്ലപ്പള്ളിയിലെ കൃഷ്ണപ്പ ഗൗഡ (78) ആണ് മരിച്ചത്. ഇതോടെ കർണാടക ചികിത്സ നിഷേധിച്ചതോടെ മരിച്ചവരുടെ എണ്ണം പത്തായി.
ഹൃദ്രോഗിയായ കൃഷ്ണപ്പ ഗൗഡ സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആശുപത്രിയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് ഡിസ്ചാർജ് നൽകിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയ കൃഷ്ണപ്പയ്ക്ക് വെള്ളിയാഴ്ച അസുഖം കൂടിയതിനെ തുടർന്ന് സുള്ള്യയിലെ കെ.വി.ജി ആശുപത്രിയിലെത്തിച്ചെങ്കിലും മലയാളികളെ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെ ശനിയാഴ്ച രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പാടില്ല എന്ന് ജില്ലാ കലക്ടറുടെ ഉത്തരവുണ്ടെന്നാണ് സുള്ള്യ കെ.വി.ജെ ആശുപതി അധികൃതർ പറഞ്ഞത്
സുള്ള്യയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലാണ് കൃഷ്ണപ്പ ഗൗഡയുടെ വീട്. ഭാര്യ: പരേതയായ രത്നാവതി. മക്കൾ: രത്നാകര, പുണ്ഡരീക, ഹരീഷ്. മരുമക്കൾ: പൂർണിമ, വനിത, ചിത്രലേഖ. .