ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബാംഗങ്ങളും പ്രതികളായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി വിതരണ അഴിമതിക്കേസ് ലോകായുക്തയുടെ അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ കേസ് ക്ലോഷർ റിപ്പോർട്ടിൽ തീരുമാനമെടുക്കൂ എന്ന് എംഎൽഎമാർക്കും എം.പിമാർക്കുംവേണ്ടിയുള്ള പ്രത്യേക കോടതി ചൊവ്വാഴ്ച വിധിച്ചു. നേരത്തേ ലോകായുക്ത കുറ്റവാളിയല്ലെന്ന് മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. നിലവിലെ കേസ് ക്ലോഷർ റിപ്പോർട്ട് പരസ്പരവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, മേയ് ഏഴിനകം അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തയോട് നിർദേശിച്ചു.
‘ഒരു വശത്ത്, ലോകായുക്ത ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മറുവശത്ത് അന്വേഷണം തുടരേണ്ടതുണ്ടെന്ന് പറയുന്നു. ആദ്യം അന്വേഷണം പൂർത്തിയാക്കട്ടെ’ -കോടതി പറഞ്ഞു. ക്ലോഷർ റിപ്പോർട്ടിനെതിരെ എതിർപ്പ് ഉന്നയിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കണ്ടെത്തലുകളെ ചോദ്യം ചെയ്ത് ഔദ്യോഗിക എതിർപ്പ് ഫയൽ ചെയ്യാൻ കോടതി അനുമതി നൽകി. ഈ വിഷയത്തിൽ ഇ.ഡിയെ പരാതിയുള്ള കക്ഷിയായി കണക്കാക്കാൻ കഴിയില്ലെന്ന് ലോകായുക്തയെ പ്രതിനിധാനംചെയ്ത അഭിഭാഷകൻ വാദിച്ചപ്പോൾ, കൂടുതൽ അന്വേഷണം ആവശ്യപ്പെടാൻ ഇ.ഡിക്ക് അവകാശമുണ്ടെന്ന് കോടതി വാദിച്ചു. ഈ മാസം ഒമ്പതിന് വാദം കേൾക്കൽ അവസാനിപ്പിച്ച ശേഷം ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവ് മാറ്റിയിരുന്നു.
ലോകായുക്ത സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് സ്വീകരിക്കുന്നതിനെതിരെ നിർദേശങ്ങൾ തേടി ഇ.ഡി കോടതിയെ സമീപിച്ചു.നേരത്തേ സമർപ്പിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. മുഡ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ലോകായുക്ത പൊലീസുമായി പങ്കുവെച്ച കണ്ടെത്തലുകൾ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും ഇ.ഡി വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഗൗരവമായി കാണണമെന്നും കുറ്റാരോപിതരായ വ്യക്തികളെ എളുപ്പത്തിൽ വെറുതെ വിടരുതെന്നും സുപ്രീം കോടതി വ്യക്തമായി വിധിച്ചിട്ടുണ്ടെന്ന് ഇ.ഡിയെ പ്രതിനിധാനം ചെയ്ത മുതിർന്ന അഭിഭാഷകൻ മധുകർ ദേശ്പാണ്ഡെ പറഞ്ഞു.മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാർവതി രണ്ടാം പ്രതിയും സഹോദരീഭർത്താവ് മല്ലികാർജുനസ്വാമി മൂന്നാം പ്രതിയുമാണ്.